ആതൻസ്: തുർക്കിയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴു പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. 23 പേരെ രക്ഷപ്പെടുത്തിയതായും ഗ്രീക്ക് കോസ്റ്റ് ഗാർഡ് അറിയിച്ചു. തുർക്കിയിൽ നിന്ന് ഗ്രീക്ക് ദ്വീപിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
ഗ്രീക്ക് ദ്വീപ് ലെസ്ബോസിന്റെയും തുർക്കിയയുടെയും ഇടയിലുള്ള ഏജിയൻ കടലിലാണ് വ്യാഴാഴ്ച പുലർച്ച റബർ ഡിങ്കി ബോട്ട് മുങ്ങിയത്. രക്ഷപ്പെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അനദോലു വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
നല്ല കാലാവസ്ഥ ആയിരുന്നിട്ടും ബോട്ട് മുങ്ങിയതിന്റെ കാരണം വ്യക്തമല്ല. കോസ്റ്റ് ഗാർഡിന്റെയും വ്യോമസേന ഹെലികോപ്ടറിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പശ്ചിമേഷ്യയിൽ നിന്ന് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ പ്രധാന പ്രവേശന കവാടമാണ് ഗ്രീസ്.