വാഷിംഗ്ടൺ: ഒരു ദിവസവും ഒരു മണിക്കൂറും 5 മിനിറ്റും തുടർച്ചയായി നിന്നു കൊണ്ട് യു.എസ്. സെനറ്റിൽ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ന്യു ജേഴ്‌സിയിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ കോറി ബുക്കർ ചരിത്രം സൃഷ്ടിച്ചു. ഇത് വരെയുള്ള റെക്കോഡ് ഭേദിച്ചു .
ഇതിനു മുൻപ് സെനറ്റിലെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗത്തിനുള്ള റെക്കോർഡ് സൗത്ത് കരോലിനയിൽ നിന്നുള്ള സ്ട്രോം തർമണ്ടിന്റേതാണ്. 1957 ലെ സിവിൽ റൈറ്റ്സ് ആക്റ്റിനെതിരെ അദ്ദേഹം 24 മണിക്കൂറും 18 മിനിറ്റും പ്രസംഗിച്ചു .
22 മണിക്കൂർ പിന്നിട്ടപ്പോൾ, ബുക്കറുടെ പ്രസംഗം സെനറ്റ് ചരിത്രത്തിലെ മൂന്നാമത്തെ ദൈർഘ്യമേറിയ പ്രസംഗമായി മാറി.
2013 ൽ അഫോർഡബിൾ കെയർ ആക്ടിനെതിരെ ടെക്സസ് റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് 21 മണിക്കൂറും 19 മിനിറ്റും പ്രസംഗിക്കുകയുണ്ടായി
തിങ്കളാഴ്ച രാത്രി 7 മണിക്ക് ആരംഭിച്ച പ്രസംഗം ചൊവ്വാഴ്ച രാത്രി 8:05 വരെ നീണ്ടു. അത് വരെ നിലപാടായിരുന്നു അദ്ദേഹം. ചട്ടപ്രകാരം ഇരുന്നാൽ പിന്നെ പ്രസംഗം തീരും. ഇടയ്ക്കു വെള്ളം കുടിച്ചു.
ശാരീരികമായി കഴിവുള്ളിടത്തോളം സമയം താൻ പ്രസംഗം തുടരുമെന്ന് സെനറ്റർ ആദ്യമേ പറഞ്ഞു. 23 മണിക്കൂറിലധികം കഴിഞ്ഞിട്ടും, മുൻ ഫുട്‌ബോൾ കളിക്കാരനായ ഈ 55 കാരൻ ക്ഷീണിതനായില്ല . ട്രംപിന്റെ അജണ്ടയെ എതിർക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് നിരാശരായ അനുചരരെ ബോധ്യപ്പെടുത്താൻ ഇത് ഉപകരിക്കുമെന്ന് കരുതുന്നു.
സാധാരണ കാലത്തിലൂടെയല്ല നമ്മുടെ രാജ്യം കടന്നു പോകുന്നതെന്നു പറഞ്ഞാണ് ബുക്കർ തന്റെ പ്രസംഗം ആരംഭിച്ചത്. അമേരിക്കൻ ജനതയ്ക്കും അമേരിക്കൻ ജനാധിപത്യത്തിനും നേരെയുള്ള ഭീഷണികൾ ഗുരുതരവും അടിയന്തരവുമാണ്. അവയ്‌ക്കെതിരെ നിലകൊള്ളാൻ നാമെല്ലാവരും മുന്നിട്ടിറങ്ങണം.
എലോൺ മസ്‌കിന്റെ ഗവൺമെന്റ് എഫിഷ്യൻസി വകുപ്പിന്റെ നേതൃത്വത്തിൽ സോഷ്യൽ സെക്യൂരിറ്റി വെട്ടിക്കുറയ്ക്കലുകൾക്കെതിരെ മണിക്കൂറുകളോളം ബുക്കർ സംസാരിച്ചു. ട്രംപിന്റെ ഉത്തരവുകളുടെ പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം സോഷ്യൽ സെക്യൂരിറ്റി വെട്ടിക്കുറയ്ക്കലുകൾ വരുമെന്ന ആശങ്ക പങ്കു വച്ചു . എന്നാൽ സോഷ്യൽ സെക്യു്രിറ്റിയെ തൊടില്ലെന്നാണ് റിപ്പബ്ലിക്കൻ നിലപാട്
തന്റെ മണ്ഡലത്തിലെ വോട്ടർമാരുടെ കത്തുകളും അദ്ദേഹം വായിച്ചു. ഗ്രീൻലാൻഡിനെയും കാനഡയെയും കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ചും ആസന്നമായിരിക്കുന്ന ഭരണഘടനാ പ്രതിസന്ധിയെക്കുറിച്ചുമാണ് ഒരാൾ പ്രരിഭ്രാന്തനായി എഴുതിയത്.
ബുക്കറിന് ഡെമോക്രാറ്റിക് സഹപ്രവർത്തകരിൽ നിന്ന് ഇടയ്ക്കിടെ സഹായം ലഭിച്ചു. അവർ ചോദ്യം ചോദിക്കാനും അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രശംസിക്കാനും മുന്നോട്ടു വന്നു. ഇത് ബുക്കർക്ക് സംസാരിക്കുന്നതിൽ നിന്ന് ഇടവേള നൽകി.
വഴുതി വീഴാതിരിക്കാനും അബദ്ധവശാൽ പ്രസംഗം അവസാനിപ്പിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
'നിങ്ങളുടെ ശക്തി, ധൈര്യം, വ്യക്തത എന്നിവ അതിശയകരമാണ്. അമേരിക്ക മുഴുവൻ നിങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നുവെന്ന് സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമർ പറഞ്ഞു. ഈ ഭരണകൂടത്തിന്റെ വിനാശകരമായ പ്രവർത്തനങ്ങൾ, എല്ലാ അമേരിക്കക്കാരും അറിയേണ്ടതുണ്ട്.
ഹൗസ് ഡെമോക്രാറ്റിക് ലീഡർ ഹക്കീം ജെഫ്രീസ് ഉൾപ്പെടെയുള്ള കോൺഗ്രസ് ബ്ലാക്ക് കോക്കസിലെ ഹൗസ് അംഗങ്ങൾ ബുക്കറെ പിന്തുണയ്ക്കാൻ സെനറ്റ് ഫ്‌ളോറിലെത്തി. വെള്ളം മാത്രമാണ് അദ്ദേഹം കുടിച്ചത്
കണക്ടിക്കട്ട് സെനറ്റർ ക്രിസ് മർഫി രാവും പകലും ബുക്കറിനൊപ്പം സെനറ്റർ ഫ്‌ളോറിൽ ഉണ്ടായിരുന്നു. 2016-ൽ തോക്ക് നിയന്ത്രണ നിയമനിർമ്മാണത്തിനായി വാദിക്കാൻ ഏകദേശം 15 മണിക്കൂർ മർഫി പ്രസംഗിച്ചപ്പോൾ തുണച്ചത് ബുക്കർ ആയിരുന്നു.
ബുക്കറുടെ പ്രസംഗം ഒരു ഫിലിബസ്റ്റർ ആയിരുന്നില്ല. സാധാരണ ഒരു നിയമനിർമ്മാണം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പ്രസംഗങ്ങൾ. എന്നാൽ ബുക്കർ ഏതെങ്കിലും നിയമത്തെ അല്ല ലക്ഷ്യമിട്ടത്. ട്രംപിന്റെ അജണ്ടയെക്കുറിച്ചുള്ള വിശാലമായ വിമർശനമായിരുന്നു ബുക്കറുടെ പ്രകടനം.