Image

അന്താരാഷ്ട്ര വിദ്യാർഥികളുടെ വിസകൾ പൊടുന്നനെ റദ്ദാക്കുന്നത് വ്യാപകമായ ഭീതി സൃഷ്ടിക്കുന്നു (പിപിഎം)

Published on 08 April, 2025
അന്താരാഷ്ട്ര വിദ്യാർഥികളുടെ വിസകൾ പൊടുന്നനെ റദ്ദാക്കുന്നത് വ്യാപകമായ ഭീതി സൃഷ്ടിക്കുന്നു (പിപിഎം)

യുഎസ് യൂണിവേഴ്സിറ്റികളിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ എഫ്-1 വിസകൾ കുട്ടികൾക്കോ യുണിവേഴ്സിറ്റികൾക്കോ യാതൊരു മുന്നറിയിപ്പും കൂടാതെ റദ്ദാക്കുന്ന നടപടി കൂടുതൽ പതിവായതു ഭീതി പരത്തുന്നു. 300 വിദ്യാർഥി വിസകൾ റദ്ദാക്കിയെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞിരുന്നു. കൂടാതെ നൂറോളം പേരുടെ സെവിസ് (Student and Exchange Visitor Information System) പദവി റദ്ദാക്കിയെന്നു ഇമിഗ്രെഷൻ അറ്റോണി രാജീവ് ഖന്ന പറയുന്നു.

പലപ്പോഴും ഐ സി ഇ ഏജന്റുമാർ മുന്നറിയിപ്പില്ലാതെ വന്നു കയറുമ്പോഴാണ് വിദ്യാർഥികൾ വിവരം അറിയുന്നത്. രാജ്യത്തിന്റെ വിദേശനയത്തിനു ദോഷമാവുന്നു എന്നു തോന്നുമ്പോൾ വിസ റദ്ദാക്കാൻ ഗവൺമെന്റിനു അധികാരം നൽകുന്ന അവ്യക്തമായ യുദ്ധകാല നിയമമാണ് പലപ്പോഴും ഉപയോഗിക്കുന്നത്. വിസ റദ്ദാക്കപ്പെട്ട പല വിദ്യാർഥികൾക്കും മറ്റൊരു കുറ്റകൃത്യത്തിന്റെയും പശ്ചാത്തലമില്ല.

എന്താണ് പരിഹാരം?

പല നിർദേശങ്ങൾ ഉയരുന്നുണ്ട്.

സെവിസ് റദ്ദായാൽ ഉടൻ യുഎസ് വിട്ടു പോവുക എന്നതാണ് അതിലൊന്ന്. സ്കൂളിൽ നിന്ന് I-20 വാങ്ങണം, പുതിയ സെവിസ് ഫീ അടയ്ക്കണം. പിന്നീട് സ്വന്തം രാജ്യത്തെ ഏതെങ്കിലും യുഎസ് കോൺസലെറ്റിൽ പോയി പുതിയ എഫ്-1 വിസയ്ക്ക് അപേക്ഷിക്കണം.

പക്ഷെ അതിന്റെ പ്രശ്നങ്ങൾ വ്യക്തമാണ്. കോൺസലെറ്റ് ഉദ്യോഗസ്ഥർക്കു വിസ നിഷേധിക്കാൻ അധികാരമുണ്ട്. വിസ കിട്ടി തിരിച്ചെത്തിയാലും പുതിയ വിദ്യാർഥി എന്ന പരിഗണനയിൽ പഴയ സി പി ടി/ ഓ പി ടി എന്നിവ കിട്ടാതെ വരും.

വിസ ഫീയും വിമാനക്കൂലിയും വൻ ചെലവാണ്. പഠന ദിവസങ്ങൾ ഏറെ നഷ്ടമാവാം.

രണ്ടാമതൊരു സാധ്യത കോടതിയിൽ പോവുക എന്നതാണ്. അത് ചെലവുളള കാര്യം മാത്രമല്ല, സമയവും ഏറെ വേണം. ഉറപ്പൊന്നും ഇല്ല താനും.

ശരാശരി കോടതി ചെലവ് മാത്രം $20,000 വരെ പോകാം.

എച്-1ബി, അല്ലെങ്കിൽ എൽ-1 വിസയാണ് മറ്റൊരു രക്ഷാമാർഗം. എന്നാൽ എച്-1ബി വിസയ്ക്ക് പ്രതിവർഷ പരിധിയുണ്ട്: 85,000. എൽ-1 തേടുന്നവർക്ക് മുൻ തൊഴിൽ പരിചയം വേണം. ഇതൊക്കെ വിദ്യാർഥികൾക്കു ബുദ്ധിമുട്ടാണ്. 

സ്കൂളിൽ സെവിസ് അവസ്ഥ ആഴ്ച തോറും പരിശോധിക്കണം. എല്ലാ രേഖകളും കൈയ്യിൽ സൂക്ഷിക്കണം. അടിയന്തര നിയമ പോരാട്ടം വേണ്ടിവന്നാൽ അതിനു ഒരുങ്ങിയിരിക്കണം.

Visa revocations upset student community 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക