Image
Image

സംഭ്രമം ( കഥ : രമണി അമ്മാൾ )

Published on 05 April, 2025
സംഭ്രമം ( കഥ : രമണി അമ്മാൾ )

വീടിനടുത്തേക്കൊരു ട്രാൻസ്ഫർ കിട്ടാൻ രണ്ടു വർഷമെടുത്തു. 
റിക്വസ്റ്റ് ട്രാൻസ്ഫറായതു
കൊണ്ട് ജോയിനിംഗ് ടൈമില്ല. 
തിങ്കളാഴ്ചതന്നെ പുതിയ ഓഫീസിൽ ജോയിൻചെയ്യണം. 
റിലീവിംഗ് മെമ്മോ റഡിയായിക്കൊണ്ടിരിക്കുന്നു.
ഒപ്പിടാൻ, ഉച്ചവരെയുളള സർക്കിൾ കോൺഫറൻസു കഴഞ്ഞ്
രഞ്ജിത്തുസാറ് നേരെ ഓഫീസിലേക്കു വന്നോളാമെന്നു പറഞ്ഞു. 
അടുപ്പിച്ചു രണ്ട് അവധിദിവസം
കിട്ടുന്നതുകൊണ്ടാവും
ആകെ ഒമ്പതു സ്റ്റാഫുളളതിൽ  നാലു പേരു ലീവ്...
ഡോക്ടറെ കാണാൻ അപ്പോയ്ന്റ്മെന്റെടുത്തിട്ടുണ്ടെന്നു പറഞ്ഞ്  
ദലീമാമാഡവും നേരത്തെയിറങ്ങി.
പിന്നെയുളളത്, ഞാനടക്കം നാലുപേർ.

ട്രാൻസ്ഫർ പ്രതീക്ഷയുണ്ടായിരുന്നതു
കൊണ്ട് ജോലിയൊന്നും പെൻഡിങ്ങിൽവച്ചില്ല...
മേശപ്പുറത്തിരിക്കുന്ന ഫയലുകളെടുത്ത് അലമാരയിൽ വയ്ക്കണം,
മേശവലിപ്പുകൾ ക്ളീനാക്കണം,
അത്രമാത്രം.
"ഈ കുട്ടിയെ സബ്സ്റ്റിറ്റൂട്ട് വരാതെ റിലീവ് ചെയ്യുവാണോ  സാറേ ..?."
ഗിരിജൻമാഷ് സൂപ്രണ്ടിനോടാണ്..
ഓഫീസ് അറ്റന്ററായ മദ്ധ്യവസ്ക്കനെ  "മാഷേ" എന്നാണു ഞാൻ വിളിക്കാറ്..
മറ്റു സ്റ്റാഫുകളെ സാറേന്നും മാഡമെന്നുമൊക്കെ  വിളിക്കുമ്പോൾ,
അദ്ദേഹമന്നെ പേരേ
വിളിക്കാറുളളൂ...

"സബ്സ്റ്റിറ്റൂട്ട് അടുത്ത ദിവസങ്ങളിൽ ജോയിൻ ചെയ്യുമെടോ..."

"ഇവിടുന്നു പോയാപ്പിന്നെ  ഇയാളെ പിന്നെയെങ്ങനെ കാണാനാ...?  
കല്യാണമൊക്കെ ഞങ്ങളെ അറിയിക്കണം കേട്ടോ..
സെന്റോഫ്
തന്നു പറഞ്ഞു
വിടാമെന്നുവച്ചാൽ 
ആകെ മൂന്നുപേര്...!"

രാവിലെ വരുന്ന ബസ്സിൽത്തന്നെയാണ് തിരിച്ചുപോകലും..ഓഫീസ് ടൈമിനു മുമ്പുതന്നെ ഓഫീസിലെത്തും...പക്ഷേ.. വൈകുന്നേരം ആ ബസ്സ് തിരിച്ചെത്തുന്നത് അഞ്ചേകാലിനാണ്..
എത്ര വൈകിയാലും വീട്ടുപടിക്കൽ ഇറങ്ങാൻപറ്റുമെന്ന ആശ്വാസം..

ഇന്നും അതിൽത്തന്നെ പോകണം.... ബസ്സിലെ ജീവനക്കാരും, സ്ഥിര യാത്രക്കാരിൽ ചിലരുമൊക്കെ 
നല്ല സുഹൃത്തുക്കളായിട്ടുണ്ട്.
അവരോടൊക്കെ 
യാത്ര പറയണം.!
വൈകുന്നേരം
സ്റ്റാഫെല്ലാം ഇറങ്ങിക്കഴിഞ്ഞ് ഓഫീസും പൂട്ടി താക്കോലുംകൊണ്ടാണ് ഗിരിജൻ മാഷ് പോവാറ്.   അരമണിക്കൂറുമുമ്പേ അതിനുളള ഒരുക്കങ്ങൾ തുടങ്ങും.. ജനാലകളെല്ലാം അടച്ച്, ആളില്ലാത്തിടത്തെ ഫാനും ലൈറ്റുമൊക്കെ 
ഓഫുചെയ്ത്..
അഞ്ചുമണി കഴിഞ്ഞും
ആരെങ്കിലും
സീറ്റിലിരുന്നുപോയാൽ ഗിരിജൻമാഷിനു ദേഷ്യമാണ്.
പിറുപിറുത്തുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കും..

രണ്ടുവർഷം എത്രവേഗത്തിൽ കടന്നുപോയി.  
വിളിപ്പാടകലെ നേരെ കാണുന്നിടം നാഷണൽ ഹൈവേ റോഡാണ്.
അതിനപ്പുറം ബോയ്സ് ഹൈസ്ക്കൂൾ കോമ്പൗണ്ട്..
അപ്പുറം സൈഡിലാണ് സ്കൂൾ ഗേറ്റ്.  ഗേറ്റിനുമുന്നിലൂടെ  എം.സി.റോഡും കടന്നുപോകുന്നു.
വീട്ടിൽനിന്നും ദിവസവും പോയിവന്നിരുന്നതുകൊണ്ട്
ഈ ദേശത്തേക്കുറിച്ചുളള തന്റെ അറിവ് പരിമിതം.

പതുക്കെ നടന്നു സ്റ്റാന്റെത്തുമ്പോഴേക്കും 
ബസ്സെത്തും....
ബാഗും, പുസ്തകങ്ങളടങ്ങിയ
കവറുമെടുത്ത് എഴുന്നേറ്റു..
"മാഷേ.." 
"ആ...എറങ്ങുവാണല്ലേ..?"
പെട്ടെന്നാണതു സംഭവിച്ചത്.
വഴിതടഞ്ഞു നിന്ന്, 
തന്നെ ചേർത്തുപിടിച്ച്
നെറ്റിയിലൊരുമ്മ..! 
ഷോക്കേറ്റതുപോലെ തറഞ്ഞുനിന്നുപോയി..
എന്താണു സംഭവിക്കുന്നത്.?
"മാഷ് എന്തായീ കാട്ടണേ..
മാറ്.."
"മോളിവിടുന്നു പോകുവല്ലേ...ഗിരിജൻമാഷിന്റെ
ഓർമ്മയ്ക്ക് ഇതിരിക്കട്ടെ..!" 
സങ്കടവും, ദേഷ്യവും, 
പ്രതികരിക്കാനാവാത്ത
നിസ്സഹായതയും..
ഷാളുകൊണ്ട്  നെറ്റിത്തടം അമർത്തിത്തുടച്ചു.....

ഒന്നും സംഭവിക്കാത്തപോലെ മാഷ് ബാഗും കുടയുമെടുത്ത് പുറത്തിറങ്ങി.
"പെട്ടെന്നിങ്ങോട്ടിറങ്ങിയേ....
എനിക്ക് ഓഫീസു പൂട്ടണം.
താളംചവിട്ടിനിന്നാൽ തന്റെ ബസ്സുംപോകും.."
ചീറിപ്പാഞ്ഞുപോകുന്ന വാഹനങ്ങൾ.. 
റോഡു ക്രോസുചെയ്യാൻ
അല്പസമയമെടുത്തു.....

ഗിരിജൻമാഷിന് താൻ  മകളെപ്പോലെ ആയിരുന്നിരിക്കാം..എങ്കിലും അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ പ്രവിർത്തി
ഉൾക്കൊളളാനായില്ല.
ബസ്സിൽ ഡ്രൈവർ കയറിക്കഴിഞ്ഞു.. 
എന്നത്തേയുംപോലെ 
വലതു സൈഡ് സീറ്റിൽ ഇടംപിടിച്ച്
വെളിയിലേക്കു കണ്ണൊന്നു പായിച്ചു.... പെട്ടിക്കടയുടെ മുന്നിൽ ഗിരിജൻമാഷ്..!
തന്നെ യാത്രയാക്കാൻ...!
ബസ്സ്, സ്റ്റാന്റ് വലംവച്ചുതിരിയുമ്പോഴും
അതേ നില്പ്..
കൈവീശൽ
നിർത്തിയിട്ടില്ല..

 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക